
കണ്ണൂർ: ഇരിട്ടി വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ പായയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. സെമിത്തേരി നവീകരണത്തിനിടെ കല്ലറകളുടെ നമ്പറുകൾ മാറ്റിയതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഈ മാസം 13-ന് 38-ാം നമ്പർ കല്ലറ തുറന്നപ്പോഴാണ് പെട്ടിക്കുള്ളിൽ ഒരു മൃതദേഹവും പായയിൽ പൊതിഞ്ഞ മറ്റൊരു മൃതദേഹവും കണ്ടെത്തിയത്. ക്രിസ്ത്യൻ ആചാരപ്രകാരം സാധാരണയായി പായയിൽ പൊതിഞ്ഞ് സംസ്കരിക്കാറില്ലാത്തതിനാൽ സംഭവം സംശയങ്ങൾക്ക് ഇടയാക്കി. തുടർന്ന് പള്ളി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
അന്വേഷണത്തിൽ, 2006-ലും 2015-ലും ഇതേ കല്ലറയിൽ സംസ്കാരങ്ങൾ നടന്നിരുന്നതായി കണ്ടെത്തി. 2015-ൽ രക്തം ഛർദിച്ച് മരിച്ച ഒരാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പായയോടെയാണ് സംസ്കരിച്ചത്. ഇതുസംബന്ധിച്ച ചിത്രങ്ങളും രേഖകളും പൊലീസിന് ലഭിച്ചു. ഇതോടെയാണ് പായയിൽ പൊതിഞ്ഞ മൃതദേഹത്തിന്റെ ദുരൂഹത നീങ്ങിയത്.
ആദ്യഘട്ടത്തിൽ പള്ളി മരണ രജിസ്റ്റർ പരിശോധിച്ചെങ്കിലും പായയിൽ പൊതിഞ്ഞ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനായിരുന്നില്ല. പിന്നീട് 2015-ൽ സംസ്കരിക്കപ്പെട്ട വ്യക്തിയുടെ ബന്ധുക്കൾ വിവരങ്ങൾ നൽകിയതോടെയാണ് യാഥാർഥ്യം പുറത്തുവന്നത്.
2019-ന് ശേഷം സെമിത്തേരി നവീകരിക്കുകയും കല്ലറകൾക്ക് പുതിയ ക്രമനമ്പറുകൾ നൽകുകയും ചെയ്തിരുന്നു. പഴയതും പുതിയതുമായ നമ്പറുകളിലെ വ്യത്യാസമാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്ന് പൊലീസ് വിലയിരുത്തി. സെമിത്തേരിയിൽ ഇതുവരെ സംസ്കരിച്ച 93 പേരുടെ ബന്ധുക്കളിൽ നിന്നും പള്ളി ഭാരവാഹികൾ വിവരങ്ങൾ ശേഖരിച്ചതോടെയാണ് ആശങ്കകൾക്ക് അറുതിയായത്.










